ചെന്നൈ: ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനെ അസാധുവാക്കാനും സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതിനുമെതിരെ കമല്‍ ഹാസന്‍. സിനിമയ്ക്കും മാധ്യമത്തിനും പ്രതികരണ ശേഷിയില്ലാത്ത മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാന്‍ കഴിയില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പറഞ്ഞു.
‘സിനിമ, മാധ്യമം, സാക്ഷരത എന്നിവയ്ക്ക് കേള്‍ക്കാനും പറയാനും കാണാനും ശേഷിയില്ലാത്ത ആ കുരങ്ങുകളുടെ പ്രതീകമാകാന്‍ കഴിയില്ല. ആസന്നമായ തിന്മയെ കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കെതിരായ ഒരേയൊരു മരുന്നാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനും മോചനത്തിനുമായി ശബ്ദമുയര്‍ത്തണമെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.
ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിനെ അസാധുവാക്കികൊണ്ടുള്ള പുതിയ നിയമം വരുന്നതോടെ സെന്‍സര്‍ബോര്‍ഡ്് തീരുമാനങ്ങളില്‍ കേന്ദ്രത്തിന് ഇടപെടാനാകും. ഇതാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
സിനിമാറ്റോഗ്രഫ് നിയമം 1952 ഭേദഗതി ചെയ്തുകൊണ്ടാണ് സിനിമാറ്റോഗ്രഫ് ഭേദഗതി ബില്‍ 2021 വരുന്നത്. അംഗീകാരമില്ലാതെ സിനിമകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി സിനിമാമോഷണം നിയന്ത്രിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രം പറയുന്നത്.
നിലവില്‍ സെന്‍സര്‍ ബോര്‍ഡുകളാണ് സിനിമകളുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത്. ബില്ല് നടപ്പിലായാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ വേണ്ടിവന്നാല്‍ കേന്ദ്രസര്‍ക്കാരിന് പുനഃപരിശോധിക്കാം. കരട് ബില്ലില്‍ കേന്ദ്രം ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം.