തിരുവനന്തപുരം: ”എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു”. പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങി, ജീവിതത്തോട് പടവെട്ടി 14 വര്‍ഷങ്ങള്‍ക്കിപ്പുറം എസ്.ഐ ആയ ആനി ശിവ ഫെയ്സ്സ് ബുക്കിൽ കുറിച്ച വരികളാണിത്. ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവയെന്ന പോരാളിയായ അമ്മ.
കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണമോ ഇല്ല. ആത്മഹത്യാശ്രമങ്ങളിൽ പരാജയപ്പെട്ട് മരിക്കാനുള്ള ഊർജം നഷ്ടപ്പെട്ട പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.
കൈക്കുഞ്ഞിനെയും കൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി.കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി.
കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകൾ അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി. കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി.
വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി.
ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്.
2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.10 വർഷം മുമ്പ് ഉൽസവത്തിന് നാരങ്ങാവെള്ളം കച്ചവടം നടത്തിയ സ്ഥലത്ത് ക്രമസമാധാനം ഉറപ്പാക്കാൻ നാടിൻ്റെ കാവലാളായി ഇതാ ആനി ശിവ.
തീയിൽ കുരുത്ത ആനി ശിവയുടെ വേദനയുടെ നേർഛേദം
മകൻ്റെ ചോരയുടെ ഗന്ധമുള്ള യൂണിഫോം; ഒരു എസ്ഐസെലക്ഷൻ കഥ… ആനി ശിവ പങ്കു വയ്ക്കുന്നത് ഇങ്ങനെ
2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയിൽ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാൻ ജോയിൻ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന SI പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാൻ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങൾ മേടിച്ചു തന്നതും പഠിക്കാൻ പ്രോത്സാഹനം തന്നതും.
അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈൻഡ് സ്റ്റഡിക്കു കിട്ടി. അഭിയും (Abhilash A Arul) രാകേഷും (Rakesh Mohan). നമ്മൾ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാൻ ഇരിക്കും. ഞാൻ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളിൽ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോൾ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓൾഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാർട്ട് ചെയ്തു മോന്റെ സ്കൂളിൽ എത്തുമ്പോൾ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷൻ ടീച്ചറുടെ വീട്ടിൽ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി..
മിക്കവാറും രാകേഷിന്റെ വക ഒരു കട്ടൻ ചായയും കടിയും. പഠിത്തം വീണ്ടും തുടരും രാത്രി ഏഴെട്ടു മണി വരെ. അത് കഴിഞ്ഞു സുഹൃത്തുക്കളോട് ബൈ പറഞ്ഞിറങ്ങി ബൈക്ക് എടുത്തു പോകുമ്പോഴും എന്റെ മനസ് നിറയെ പഠിച്ച കാര്യങ്ങൾ അയവിറക്കുകയായിരിക്കും. പിന്നെന്റെ മകൻ ചൂയി കുട്ടന്റെ ലോകത്തേക്ക്. അവന്റെ വിശേഷങ്ങളും പരിഭവങ്ങളും കേട്ടു ആഹാരം കഴിച്ചു അവനെ അവന്റെ ലോകത്തേക്ക് വിട്ടു ഞാൻ പഠിക്കാൻ ഇരിക്കും. അവൻ ചിത്രം വരക്കൽ, കളർ ചെയ്യൽ, കാർട്ടൂൺ കാണൽ ഇതിന്റെ ഇടയിലൂടെ ബോൾ കളി അങ്ങനെ അവൻ പതിനൊന്നു മണി വരെ സമയം കളയും. അത് കഴിഞ്ഞാണ് ഉറക്കo, അതായിരുന്നു പതിവ്..
ബെഡ്‌റൂം ആയിരുന്നു എന്റെ പഠന ലോകം. ചെറുപ്പം മുതൽക്കേ ഉറക്കം തീരെ കുറവായിരുന്നതിനാൽ ഉറക്കം കളഞ്ഞുള്ള പഠിത്തം എന്നെ ശാരീരികമായി ബാധിച്ചില്ല. രാവിലെ നാലു മണി വരെയോ അഞ്ച് മണി വരെയോ പഠിത്തം തുടരുമായിരുന്നു. ഞാൻ ഒന്നും കാണാപാഠം പഠിക്കാറില്ലായിരുന്നു. പഠിക്കേണ്ട കാര്യങ്ങൾ പേപ്പറിൽ വിവിധ കളർ പേന കൊണ്ട് എഴുതി ബെഡ്‌റൂമിൽ ഒട്ടിച്ചു വക്കും എന്നിട്ടു രണ്ടു മൂന്നു വട്ടം അത് വായിക്കും. പിന്നെ ഞാൻ മറക്കില്ല അതായിരുന്നു എന്റെ പഠന രീതി.
എഴുത്തിന്റെ കളർ, അക്ഷരങ്ങൾ, പേപ്പർ ഒട്ടിച്ചിരിക്കുന്ന സ്ഥലം എന്നിവ വച്ച് എനിക്ക് ആ കാര്യം പിന്നെ എപ്പോൾ വേണേലും ഓർമിച്ചെടുക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ബെഡ്‌റൂം മുഴുവൻ പേപ്പർ കൊണ്ട് നിറഞ്ഞു. അലമാരയിലെ കണ്ണാടിയിൽ വരെ കേരള നവോത്ഥാന നായകന്മാരുടെ ജീവിതം അങ്ങനെ പ്രതിഫലിച്ചു നിന്നു. ഈ രീതിയിൽ പഠിച്ചത് കൊണ്ടാകാം ഒന്നര മാസം കൊണ്ട് 10 ടോപ്പിക്സുള്ള സിലബസും ലാസ്റ്റ് ഒരു വർഷത്തെ തൊഴിൽ വീഥിയും തൊഴിൽ വാർത്തയും പി എസ് സി ബുള്ളറ്റിനും ഒക്കെ കവർ ചെയ്യാനായത്.
എന്നത്തേയും പോലെ ഞാൻ അന്നും മോനെ അവന്റെ ലോകത്തേക്ക് കളിയ്ക്കാൻ വിട്ടിട്ടു പഠിക്കാൻ ഇരുന്നു. മോൻ ഇടയ്ക്കിടയ്ക്ക് ബാത്‌റൂമിൽ പോകുന്നത് കണ്ടു ഞാൻ അവനോടു ചോദിച്ചു എന്താന്ന് അവൻ പറഞ്ഞു കളർ ചെയ്യാൻ വേണ്ടി വെള്ളം എടുക്കുന്നതാണെന്നു. ഞാൻ പഠിത്തത്തിൽ മുഴുകി..
ഫ്ലാസ്കിൽ നിന്നും കട്ടൻ പകർന്നു കുടിച്ച് സമയം നോക്കിയപ്പോൾ പതിനൊന്നേകാൽ കഴിഞ്ഞു. മോനോട് പറഞ്ഞു ഇന്നത്തേക്ക് മതി വന്നു കിടക്കെന്ന്. അപ്പോൾ അവൻ മടിച്ചു മടിച്ചു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു “എന്റെ തല മുറിഞ്ഞോന്നൊരു തംശയം. ചോര വരുന്നൂന്ന് തോന്നണ്.” ഞാൻ പെട്ടെന്ന് പിടിച്ചു നിർത്തി നോക്കിയപ്പോൾ തല നന്നായി മുറിഞ്ഞിട്ടുണ്ട് ചോരയും ഉണ്ട്. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു, പക്ഷെ കരയുന്നില്ല. ഞാൻ പെട്ടെന്ന് അവനെയും എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്യാനായി ഇറങ്ങുമ്പോൾ എന്റെ പ്രാർത്ഥന ബൈക്ക് ഒന്ന് സ്റ്റാർട്ട് ആകണേ എന്നായിരുന്നു. എന്റെ പ്രാർത്ഥന കേട്ടതുപോലെ ആദ്യ കിക്കിൽ തന്നെ ബൈക്ക് സ്റ്റാർട്ട് ആയി.
മോനെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ സ്റ്റിച്ച് ഇടുന്നതിനിടക്ക് എന്നോട് ചോദിച്ചു ഇതെപ്പഴാ മുറിഞ്ഞതെന്നു ഞാൻ പറഞ്ഞു അധിക സമയം ആയില്ലാന്ന്. അപ്പോൾ മോൻ കരഞ്ഞോണ്ട് പറഞ്ഞു ലിറ്റിൽ കൃഷ്ണ നടന്നോണ്ടിരുന്നപ്പോൾ ബാൾ കളിക്കുന്നതിനിടയിൽ അവിടത്തെ പെട്ടിയിൽ തല തട്ടി മുറിഞ്ഞതെന്നു. ഞാൻ കട്ടിലിലങ്ങ് ഇരുന്നു പോയി യാന്ത്രികമായി തന്നെ. കാരണം ലിറ്റിൽ കൃഷ്ണ കാർട്ടൂൺ ഒമ്പതരക്ക് തീരും അപ്പോൾ ഇത്രയും സമയം അവൻ വേദന സഹിച്ചൂന്നോ. എനിക്കത് താങ്ങാനായില്ല. എനിക്കെന്റെ ശരീരം തളരുന്ന പോലെ തോന്നി.
ഡോക്ടർ ചോദിച്ചു “തല മുറിഞ്ഞപ്പോൾ മോൻ ആരോടെങ്കിലും പറയാത്തത് എന്താ” ന്ന്. അപ്പോൾ മോൻ പറഞ്ഞു “തല മുറിഞ്ഞത് മുതൽ ഞാൻ മുറിവ് വെള്ളം കൊണ്ട് കഴുകി അവിടെ ഇരുന്ന മരുന്നും വച്ച് നോക്കി. പക്ഷെ ചോര വന്നോണ്ടിരുന്നു. എന്റെ അപ്പ (എന്നെ മോൻ അങ്ങനെ ആണ് വിളിക്കുന്നത്) പോലീസാകാൻ വേണ്ടി പഠിച്ചോണ്ടിരിക്കുവായിരുന്നു. അപ്പയെ ശല്യപ്പെടുത്തണ്ടന്നു വിചാരിച്ചാണ് ഞാൻ കരയാതിരുന്നതും പറയാതിരുന്നതും.” ഡോക്ടർ നിസ്സംഗതയോടെ എന്നെ നോക്കി. ഞാൻ മോനെ വാരിയെടുത്ത് കുറെ ഉമ്മ കൊടുത്ത് മടിയിൽ ഇരുത്തി.
അവനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഡോക്ടറോട് ഞാൻ പറഞ്ഞു: “വന്നപ്പോൾ എന്നോട് ഡോക്ടർ ചോദിച്ചില്ലേ മുതിർന്നവർ ആരുമില്ലേ കൂടെ വരാൻ എന്ന്. ഞാൻ ഇവന്റെ ചേട്ടൻ അല്ല, ഇവന്റെ അമ്മയാണ്.” അത് കേട്ട് അപ്പൂപ്പനായ ആ ഡോക്ടർ ഞെട്ടിയോ എന്നോരു സംശയം. ഞാൻ തുടർന്നു, “വീട്ടിൽ വേറെ ആരുമില്ല ഞാനും ഇവനും മാത്രമേ ഉള്ളൂ. ഞാൻ എസ് ഐ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ബെഡ്‌റൂമിൽ ഇരുന്നു പഠിക്കുവായിരുന്നു. മുറിഞ്ഞ കാര്യം ഞാനറിഞ്ഞില്ല, അറിയിച്ചുമില്ല. ഞാൻ പോലീസ് ആകണമെന്ന് എന്നെക്കാളധികം മോൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്.” എന്റെ ശബ്ദം ഇടറി.. കെട്ടിപ്പിടിത്തം ഒന്നു കൂടെ മുറുക്കി ഞാനവന് ഒരു മുത്തം കൂടെ നൽകി..
ഡോക്ടർ മോന്റെ കവിളത്തു പിടിച്ചിട്ടു പറഞ്ഞു “നിന്റെ ഈ നിഷ്കളങ്കത…നീ ചിന്തിയ ചോരക്കു പകരം മോന്റെ അമ്മ ഉറപ്പായും കാക്കി യൂണിഫോം ഇടും. ഉറപ്പായും ദൈവം അതിന് സഹായിക്കും..”
വീട്ടിൽ വന്ന് ഞാൻ ഒന്നും മിണ്ടിയില്ല, മോനും. എന്റെ നെഞ്ചത്ത് തല വച്ച് മോൻ കിടന്നു. അവന്റെ ദേഹത്ത് ഞാൻ തഴുകിക്കൊണ്ടേയിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മോൻ പറഞ്ഞു, “ഇനി ഇതുപോലുണ്ടായാൽ അപ്പയോട് ഞാൻ പറയാം പ്രോമിസ്. എന്നോട് കട്ടീസ് ഇടല്ലേ..”
അത്രയും നേരം നിശബ്ദമായി എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിന് പെട്ടെന്ന് ശബ്ദം വച്ചു. കണ്ണുനീരിന്റെ ഒഴുക്ക് കുഞ്ഞു കൈകൾ കൊണ്ട് തടഞ്ഞു മോൻ പറഞ്ഞു “ഐ ലവ് യു അപ്പാ.. ഐ ലവ് യൂ ഹൻഡ്രഡ് മച്ച്..”