കൊറോണ വൈറസിന്റെ ഗാമ വകഭേദത്തിന് മാരകവ്യതിയാനം; മരണനിരക്ക് കൂടും

വാഷിം​ഗ്ടൺ: കൊറോണ വൈറസിന്റെ വകഭേദങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും വൻ ആശങ്കയാണ് ഉയർത്തുന്നത്. കൊറോണ മരണങ്ങളിൽ ലോകത്ത് തന്നെ രണ്ടാമതുള്ള ബ്രസീലിൽ ഈ വകഭേദം സ്ഥിതി ഗുരുതരമാക്കിയേക്കാം. മറ്റു രാജ്യങ്ങളിലേക്കും ഈ ‘ഗാമ പ്ലസ്’ പതിപ്പ് പടർന്നേക്കാം എന്ന് മുന്നറിയിപ്പുണ്ട്.

ബ്രസീലിൽ ആദ്യം കണ്ടെത്തിയ കൊറോണയുടെ ഗാമ വകഭേദത്തിന്(പി1) സംഭവിച്ച ഒരു വ്യതിയാനം കൊറോണ വൈറസിനെ മാരകമാക്കാമെന്നും മരണ നിരക്ക് വർധിപ്പിച്ചേക്കാമെന്നും പുതിയ പഠനറിപ്പോർട്ട്. ഹാർവഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും എംഐടി ഗവേഷകരും ചേർന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ജനറ്റിക് എപ്പിഡമോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാമയുടെ വ്യതിയാനം സംഭവിച്ച വകഭേദത്തിന് വ്യാപന ശേഷിയും മരണ നിരക്കും കൂടുതലായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. ഗർഭിണികളുടെയും കുട്ടികളുടെയും മരണത്തിനും ഈ വകഭേദം കാരണമാകാം. ബ്രസീലിലെ കൊറോണ രണ്ടാം തരംഗത്തിന് കാരണമായതും പുതിയ വകഭേദം ആണെന്ന് കരുതുന്നു.

2020 ഡിസംബറിൽ ആണ് പി1 വകഭേദം ആദ്യമായി ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയിൽ ബ്രസീലിലെ മാനൗസിൽ വ്യാപകമായ രോഗപടർച്ചയ്ക്ക് ഗാമ കാരണമായി. 2020 മെയിൽ മഹാമാരി ആഞ്ഞടിച്ച മാനൗസിലെ ജനങ്ങൾക്ക് സ്വാഭാവികമായ സമൂഹ പ്രതിരോധം കൊറോണയ്ക്ക് എതിരേ വന്നിട്ടുണ്ടാകും എന്നാണ് കരുതപ്പെട്ടിരുന്നത്.