മുംബൈ: റിലയൻസിൻറെ വ്യാപാര പങ്കാളിയായി ലോകത്തെ ഒന്നാംകിട എണ്ണ ഉൽപ്പാദന കമ്പനിയായ സൗദി അരാംകോയെ പ്രഖ്യാപിച്ച് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയെ അംബാനി ഹൃദ്യമായി സ്വാഗതം ചെയ്തു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് അംബാനിയുടെ പ്രഖ്യാപനം.
റിലയൻസ് ബാധ്യത ഒഴിഞ്ഞ അവസ്ഥയിലേക്ക് എത്തിയെന്നും മുകേഷ് അംബാനി വ്യക്തമാക്കി. സൗദി ആരാംകോ ചെയർമാൻ യാസിർ-അൽ-റുമായ്യാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻറെ ബോർഡിലേക്ക് എത്തും. ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് വലിയ സംഭാവനയാണ് നൽകുന്നതെന്നും അംബാനി അവകാശപ്പെട്ടു.
“പ്രതിവർഷം 75,000 തൊഴിലുകൾ റിലയൻസ് സൃഷ്ടിക്കുന്നുണ്ട്. 21,044 കോടിയാണ് കമ്പനി കസ്റ്റംസ്-എക്സൈസ് നികുതിയായി നൽകുന്നത്. 85,306 കോടി ജി.എസ്.ടിയായും 3,213 കോടി ആദായ നികുതിയായും നൽകുന്നുണ്ട് .” അംബാനി വ്യക്തമാക്കി.
കൊറോണ രോഗബാധ മൂലം ജീവനക്കാരുടെ ശമ്പളത്തിലോ ബോണസിലോ കുറവ് വരുത്തില്ല. കൊറോണ പ്രതിരോധത്തിനായി മിഷൻ ഓക്സിജൻ, മിഷൻ അന്ന സേവ, മിഷൻ കോവിഡ് ഇൻഫ്രാ, മിഷൻ എംപ്ലോയി കെയർ, മിഷൻ വാക്സിൻ സുരക്ഷ തുടങ്ങിയ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.