കണ്ണൂർ : രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിച്ച സംഭവത്തിൽ സ്വർണം തട്ടിയെടുത്തെന്ന് കരുതുന്ന അർജുൻ ആയങ്കി ശുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളെന്ന് പോലീസ്. ദുബായിൽ നിന്ന് എത്തിച്ച സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘമാണ് അപകടകത്തിൽപെട്ടതെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോലിലെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്താണ് അർജുൻ ആയങ്കി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ അർജുൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. വാർത്ത പുറത്തു വന്നതിനു പിന്നാലെ അർജുൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു. സംഭവശേഷം അർജുൻ ഒളിവിലാണ്.