ന്യൂഡെല്‍ഹി: കേരളത്തില്‍ സെപ്റ്റംബറില്‍ നടത്താനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷാ വിഷയത്തില്‍ ഇടപെടണമെന്നുള്ള ഹര്‍ജി നിരാകരിച്ച് സുപ്രീം കോടതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവിടില്ലെന്ന് വ്യക്തമാക്കിയ കോടതി വിദ്യാര്‍ത്ഥികള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ സംബന്ധിച്ച പരാതികളില്‍ മാത്രമാണ് ഇപ്പോള്‍ കോടതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളം ഇതിനകം തന്നെ പ്ലസ് ടു പരീക്ഷ ഏപ്രില്‍ മാസത്തില്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നടപടികളില്‍ വിവിധ സംസ്ഥാനങ്ങളിലെ പരാതികള്‍ മാത്രമാണ് സ്വീകരിക്കുന്നത്. – ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എ എം ഖന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ അവധികാല ബഞ്ച് വ്യക്തമാക്കി.
ഇതിനോടകം പ്ലസ്ടു ക്ലാസുകള്‍ ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷ ബു്ദ്ധിമുട്ടാകുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ത്ഥികളുടെ പ്ലസ് ടു ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് കോടതിയെ അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷാ ഫലം വൈകിയാലും അത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
കൊറോണ രോഗവ്യാപന സാഹചര്യത്തില്‍ നിന്നും മെച്ചപ്പെടുന്ന പക്ഷം പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്ന നിരീക്ഷിച്ച കോടതി പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കന്‍ ഉത്തരവിടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം പരീക്ഷയ്ക്ക് തയ്യാറാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.