വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന് എതിരെ വനിതാ കമ്മിഷനില്‍ പരാതി; ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്

കൊല്ലം: വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന് എതിരെ വനിതാ കമ്മിഷനില്‍ പരാതി. ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ്, കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ നല്‍കിയ പരാതിയില്‍ പറയുന്നത്. ജോസഫൈനെതിരെ കേസെടുത്ത് അ്‌ന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു.

പരാതിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ നടപടി വേണമെന്ന് സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. എം സി ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്നും തല്‍സ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരികച്ചത്. ആശ്രയമാകേണ്ടവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവതരമായാണ് കാണേണ്ടത്.

സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാന്‍ ശ്രമിക്കുന്ന അധ്യക്ഷ തുടര്‍ന്നും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്നും എഐസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.

ചാനല്‍ പരിപാടിയിൽ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് ജോസഫൈന്‍ ചൂടാവുകയായിരുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുടപടി നല്‍കിയ സ്ത്രീയോട് എന്നാല്‍ അനുഭവിച്ചോ എന്നായിരുന്നു ജോസഫൈന്റെ മറുപടി. എന്നാല്‍ ഈ സംഭവങ്ങള്‍ നിഷേധിക്കുകയാണ് ജോസഫൈന്‍ ചെയ്തത്. താന്‍ അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു. താനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്, അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ജോസഫൈൻ്റെ ന്യായീകരണം.