കോഴിക്കോട്: സ്വര്‍ണക്കവര്‍ച്ചാ സംഘത്തലവന് സൂഫിയാനെ തേടി അന്വേഷണ സംഘം. മൂന്ന് ജില്ലകളിലായാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ ജില്ലാ പൊലീസ് മേധാവി ഇതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. സൂഫിയാനെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ എട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട് രാമനാട്ടുകര അപകടം നടന്ന സ്ഥലത്ത് നിന്ന് സുഫിയാൻ രക്ഷപ്പെട്ടത് അപകടം നടന്ന ഉടനെന്ന് പൊലീസ് കണ്ടെത്തല്‍. കൂട്ടാളികള്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സൂഫിയാന് രക്ഷപ്പെട്ടതായാണ് വിവരം. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറുകളെക്കുറിച്ചും അന്വേഷിക്കും.
ഫോര്‍ച്യൂണര്‍, ഥാർ എന്നീ കാറുകളിലൊന്നിലാണ് രക്ഷഷപ്പെട്ടെതെന്നാണ് സംശയം. കാണാതായ മൂന്നാമത്തെ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചില്ല. അപകടം നടന്നപ്പോള്‍ മാരുതി ബലേനോ കാര്‍ നിര്‍ത്താതെ പോയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.
വാഹനാപകടത്തിന് തൊട്ടുമുന്‍പുള്ള സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തെ കവര്‍ച്ച സംഘം പിന്തുടരുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. അമിത വേഗതയില്‍ പാഞ്ഞത് പത്തോളം വാഹനങ്ങളാണ്.
അപകടത്തില്‍പ്പെട്ട വാഹനവും സഞ്ചരിച്ചത് അമിത വേഗത്തിലാണ്. പുലര്‍ച്ചെ 4.27നും 4.34നും ഇടയിലാണ് പുളിഞ്ചോട് വച്ച് സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടി. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.