ചക്രങ്ങൾ സ്തംഭിച്ചിട്ടും വില മേലോട്ട് തന്നെ; തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനടുത്ത്

കൊച്ചി: കൊണ്ടു പിടിച്ച് നടന്ന ചക്ര സ്തംഭന സമരത്തിനും ഇന്ധവിലയെ പിടിച്ചു നിർത്താനായില്ല. ഇന്ധനം ജി എസ്‌ ടി യിൽ പെടുത്തണമെന്ന കേരള ഹൈക്കോടതി നിർദ്ദേശവും വന്നിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പെട്രോൾ, ഡീസൽ വിലകൾ വീണ്ടും കൂട്ടി.

ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില നൂറ് രൂപയ്ക്കരികിലെത്തി. 99 രൂപ 48 പൈസയാണ് ഇപ്പോഴത്തെ വില. 94രൂപ 74പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഡീസൽ വില. 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

കൊച്ചിയില്‍ പെട്രോളിന് 97രൂപ 33പൈസയും ഡീസലിന് 92രൂപ 64പൈസയുമാണ് വില. കോഴിക്കോട് ഇത് 97രൂപ 74 പൈസയാണ്. 93രൂപ 08പൈസയാണ് കോഴിക്കോട്ടെ ഡീസൽ വില.