ഇ- കൊമേഴ്‌സ് വിപണി നിയന്ത്രിക്കാന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഫ്‌ളാഷ് സെയിലുകള്‍ക്ക് നിയന്ത്രണം

ന്യൂഡെല്‍ഹി: ഇ-കോമേഴ്‌സ് വിപണിയെ നിയന്ത്രിക്കാന്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫ്‌ളാഷ് സെയില്‍, ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ ലഭ്യമാക്കാതെ ഇരിക്കുക എന്നിവയ്ക്ക് എതിരെ നടപടി സ്വീകരിക്കും. ഇ- കൊമേഴ്‌സ് വിപണിയിലെ തട്ടിപ്പുകള്‍ക്ക് എതിരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. അടുത്ത മാസം ആറാം തിയതി വരെ കരടിനു ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ സമയമുണ്ട്.

ഇ- കൊമേഴ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ടേഷന്‍ നിര്‍ബന്ധമാക്കുക. പൂര്‍ണമായി നിരോധനമല്ലെങ്കിലും തുടര്‍ച്ചയായുള്ള ഫ്‌ലാഷ് സെയിലുകള്‍ക്ക് നിയന്ത്രിക്കുക. വന്‍ ഡിസ്‌കൗണ്ടുകള്‍ നിയന്ത്രിക്കുക തുടങ്ങി സാധനങ്ങള്‍ ലഭ്യമാക്കാതെ ഇരിക്കുന്ന പക്ഷം ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്താനും പുതിയ പരിഷ്‌ക്കാരങ്ങളിള്‍ നിര്‍ദ്ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്പന്നം ഏത് രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തതാണെന്നും വ്യക്തമാക്കണം. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. വിപണിയെ നിയന്ത്രിക്കാനുള്ള കരട് ചട്ടങ്ങള്‍ തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. ഇത് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കായി പ്രഖ്യാപിച്ച ഐടി ഇടനില നിയമങ്ങള്‍ക്ക് അനുസൃതമാണ്.

രാജ്യത്തെ ഇ-കൊമേഴ്സ് ലാന്‍ഡ്സ്‌കേപ്പ് ”ശുദ്ധീകരിക്കാനുള്ള” ഒരു നടപടിയായാണ് പ്രാദേശിക വ്യാപാരികളുടെയും വില്‍പ്പനക്കാരുടെയും പ്രതിനിധികള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളെ വിശേഷിപ്പിച്ചത്. ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നിയമ പരിഷ്‌ക്കരണം നടത്തുന്നത്.
ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ വിപണിയിലെ മേല്‍ക്കൈ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.