പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?????? : പ്രിയദർശൻ

കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് ആഴ്ചകളോളം മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരുന്ന തുറന്നതോടെ ആദ്യ ദിവസം മുതൽ അവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇളവുകൾ വന്നതോടെ കഴിഞ്ഞ ദിവസമാണ് ബാറുകളും ബെവ്കോയും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. മദ്യവിൽപ്പന ശാലയിലെ തിരക്കിനെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ രംഗത്തെത്തി.

നമ്മൾ കോവിഡിന്റെ മൂന്നാം തരം​ഗത്തെ സ്വാ​ഗതം ചെയ്യുകയാണോ അദ്ദേഹം ചോദിക്കുന്നു. പാലക്കാട് ബിവറേജസിനു മുന്നിലുള്ള നീണ്ട ക്യുവിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.

വെറുതെ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ??????- പ്രിയദർശൻ കുറിച്ചു.

സാമൂഹിക അകലം പാലിക്കാതെ മദ്യം വാങ്ങാനായി റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞു നിൽക്കുന്നവരെയാണ് വിഡിയോയിൽ കാണുന്നത്. മാസ്കുണ്ടെന്നത് ഒഴിച്ചാൽ യാതൊരു സാമൂഹിക അകലവുമില്ലാതെയാണ് മദ്യപാനികളുടെ ക്യൂ. ലോക് ഡൗൺ നിയന്ത്രങ്ങളുടെ പേരിൽ നടപടിയെടുക്കുന്ന പോലീസാകാട്ടെ ഇതൊന്നും അറിഞ്ഞഭാവമേ നടിക്കുന്നില്ല.