ഇന്ത്യയിൽ പ്രതിദിന കൊറോണ കേസുകൾ അരലക്ഷത്തിലേക്ക്; 53,256 രോഗികള്‍; മരണ സംഖ്യയിലും കുറവ്

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി കണക്കുകൾ. ദിവസേന മൂന്നു ലക്ഷം വരെയെത്തിയ പ്രതിദിന രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് കുറഞ്ഞത് രാജ്യത്തിന് ഏറെ ആശ്വാസമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. മരണ സംഖ്യയും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1422 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആകെ കൊറോണ ബാധിതരുടെ എണ്ണം 2,99,35,221 ആണ്. 7,02,887 സജീവ കേസുകളും നിലവിലുണ്ട്. 2,88,44,199 പേര്‍ ഇതുവരെ രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 78,190 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 28,00,36,898 ആയി.

രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം കൊറോണ ബാധിച്ചുള്ള മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയതും ആശ്വാസത്തിന് ഇടനൽകുന്നു. കഴിഞ്ഞദിവസങ്ങളില്‍ 2500ലേറെ മരണമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് 1500 ന് താഴെയെത്തിയത്. ഇതോടെ രാജ്യത്തെ ആകെ 3,88,135 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.