ഡെറാഡൂൺ: കൊറോണ രണ്ടാം തരംഗം രൂക്ഷമായിരിക്കെ നടത്തിയ കുംഭമേള ശൈലിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഹരിദ്വാറിൽ ഗംഗ സ്നാനത്തിനെത്തിയത് ആയിരങ്ങൾ. ഗംഗ ദസ്റയോട് അനുബന്ധിച്ച് ഞായറാഴ്ചയാണ് സ്നാനം നടന്നത്. മാസ്ക് ധരിക്കാതൊയിരുന്നു നൂറുകണക്കിന് ആളുകൾ നദിയിലിറങ്ങിയത്.
കൊറോണ രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഗംഗ ദസ്റ ചടങ്ങ് മാത്രമായി നടത്തുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. ഹരിദ്വാറിന് പുറമേ ഉത്തർപ്രദേശിലെ ഫറൂഖാബാദിലും നിരവധി പേർ ഗംഗ സ്നാനത്തിനായി എത്തി. ഇവിടെയും കൊറോണ പ്രോട്ടോകോൾ ലംഘിക്കപ്പെട്ടു.
മാസ്കുകളും സാമൂഹിക അകലവും ഇല്ലാതൊയിരുന്നു ഇവിടെയും ഗംഗ സ്നാനം. ജനങ്ങളോട് വീടുകളിൽ ഗംഗ ദസ്റ ആഘോഷിക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ ആളുകൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായവരെ മാത്രമാണ് ഹരിദ്വാറിലേക്ക് കടത്തിവിട്ടതെന്ന് പൊലീസ് പറഞ്ഞു.
വിവിധ മതസംഘടനകളുമായി നടത്തിയ ചർച്ചക്കൊടുവിൽ ഹരിദ്വാറിൽ ഗംഗ ദസ്റ ചടങ്ങ് മാത്രമാക്കാൻ തീരുമാനിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, പൊലീസും സംസ്ഥാന ഭരണകൂടവും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറായില്ല. നേരത്തെ ഹരിദ്വാറിൽ നടന്ന കുംഭമേളക്കിടെ നിരവധി പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.