കൊൽക്കോത്ത: ബിജെപിയിലേക്ക് പോയ മുന്നൂറോളം പേരെ തൃണമൂൽ കോൺഗ്രസിലേക്കു തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഓഫിസിനു മുന്നിൽ നിരാഹാര സമരമിരുന്നവരെ ഗംഗാജലം തളിച്ച് തൃണമൂലിലേക്ക് സ്വീകരിച്ച് നേതാക്കൾ.
ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിലായിരുന്നു പ്രവർത്തകരുടെ നിരാഹാര സമരം. ബിജെപിയിൽ ചേർന്നതോടെ ഗ്രാമത്തിലെ വികസനം ഇല്ലാതായതായി സമരമിരുന്ന അശോക് മൊണ്ഡൽ പ്രതികരിച്ചു. തുടർച്ചയായി ബിജെപി നടത്തുന്ന സമരങ്ങൾ നല്ലതിനേക്കാൾ മോശം കാര്യങ്ങൾക്കാണു വഴിയൊരുക്കിയത്. പാർട്ടിയിലേക്കു തിരികെയെത്തണമെന്നാണ് ആവശ്യമെന്നും അശോക് പറഞ്ഞു.
തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡൽ പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറി. ബിജെപി പ്രവർത്തകർ ദിവസങ്ങളായി തൃണമൂലിലേക്ക് തിരികെയെത്താൻ അനുവാദം ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുമായി സംസാരിച്ച ശേഷമാണ് പ്രവർത്തകരെ തിരികെയെടുത്തത്.
ബിജെപി അവരുടെ വിഷചിന്തകൾ പ്രവർത്തകരുടെ മനസ്സിൽ നിറച്ചിട്ടുണ്ടാകും. മോശം കാര്യങ്ങൾ മനസ്സിൽനിന്ന് നീക്കാനാണ് പുണ്യജലം തളിച്ചതെന്നും തുഷാർ വ്യക്തമാക്കി. അതേസമയം, ഇതെല്ലാം നാടകമാണെന്നാണു ബിജെപിയുടെ വാദം. ബിജെപി പ്രവർത്തകരെ നിർബന്ധിച്ച് തൃണമൂലിൽ ചേർക്കുകയാണെന്നാണു പാർട്ടിയുടെ വിശദീകരണം.