ഛണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു മിൽഖ സിംഗ് (91) അന്ത്യയാത്രയായത്. കൊറോണ നെഗറ്റീവായ അദ്ദേഹം ചികിൽസയിലായിരുന്നു. ഓക്സിജൻ്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഇന്നലെ അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായിരുന്നു.
“ഒരു പടുകൂറ്റന്‍ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ” മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനായ മില്‍ഖ സിംഗ് പറക്കും സിംഗ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്.
1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. രാജ്യം മിൽഖ സിംഗിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.
മിൽഖ സിംഗിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഒട്ടേറെ പ്രണയകഥകളിലെ നായകനായിരുന്നു മിൽഖ. 56 ലെ മെൽബൺ ഒളിംപിക്സിനിടെ ഓസ്ട്രേലിയൻ സ്പ്രിന്റ് ഇതിഹാസം ബെറ്റി ക്യൂത്‌ബെർട്ട് തന്റെ പിന്നാലെ കൂടിയതായി മിൽഖ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിലും (1958) ഏഷ്യൻ ഗെയിംസിലും (58’) സ്പ്രിന്റ് സ്വർണം നേടി മിൽഖ കത്തിനിന്ന കാലത്ത് ഒരു ഡെൽഹിക്കാരിയുമായി അടുത്തു. പഞ്ചാബ് മുഖ്യമന്ത്രി വഴി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ പണത്തിനു മുന്നിൽ താൻ കീഴടങ്ങിയില്ലെന്നു മിൽഖ പറയുന്നു.
വിവാഹത്തോടെ എല്ലാ പ്രണയങ്ങളും അവസാനിപ്പിച്ചപ്പോഴും ചില പേരുകൾ മിൽഖയുടെ മനസ്സിൽ ബാക്കിയുണ്ടായിരുന്നു. പിൽക്കാലത്തു തന്റെ വളർത്തുനായ്ക്കളിലൊന്നിന് അദ്ദേഹം പഴയൊരു കാമുകിയുടെ പേരാണ് ഇട്ടത്: ഡോളി!
2013 ല്‍ പ്രസിദ്ധീകരിച്ച ‘ദ് റേസ് ഓഫ് മൈ ലൈഫ്’ മില്‍ഖ സിങ്ങിന്റെ ആത്മകഥയാണ്. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത 2013ല്‍ പുറത്തിറങ്ങിയ ഭാഗ് മില്‍ഖാ ഭാഗ് എന്ന ബോളിവുഡ് ചിത്രം ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റായ മില്‍ഖയുടെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രമാണ്. ബോളിവുഡ് താരമായ ഫര്‍ഹാന്‍ അക്തറാണ് മില്‍ഖയായി ചിത്രത്തില്‍ വേഷമിട്ടത്.