ന്യൂഡെൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്നും, ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും വിദഗ്ധർ. രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ പേർക്ക് വാക്സിൻ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ഡെൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു.
രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും. രോഗപ്രതിരോധ ശേഷിയും മൂന്നാം തരംഗത്തിനിടെ വർധിച്ചേക്കാമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു. ജൂൺ മൂന്നിനും 17 നുമിടയിൽ നടത്തിയസർവ്വേയിൽ മൂന്നാം തരംഗം ഒക്ടോബറിൽ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും പ്രവചിച്ചു. മൂന്നാം തരംഗം ഓഗസ്റ്റിൽ എത്തുമെന്നാണ് മൂന്ന് വിദഗ്ധർ പ്രവചിച്ചത്.
മൂന്നാം തരംഗം സെപ്റ്റംബറിൽ എത്തുമെന്ന് 12 പേർ അഭിപ്രായപ്പെട്ടു. നവംബറിനും അടുത്തവർഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗം എത്തുകയെന്നും ഒരു വിഭാഗം വിദഗ്ധർ വിലയിരുത്തി. രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും അഭിപ്രായപ്പെട്ടത്.