കൊച്ചി: റഷ്യൻ നിർമ്മിത കൊറോണ വാക്‌സിനായ സ്പുട്‌നിക് -5 ഉടൻ കേരളത്തിൽ വിതരണം തുടങ്ങും. സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബുമായി പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കൈകോർത്ത് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലും മഹാരാഷ്ട്രയിലെ കോലാപൂരിലെ ആശുപത്രിയിലും സ്പുട്‌നിക് വാക്‌സിൻ ഉടൻ ലഭ്യമാക്കും.
തുടക്കത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ കീഴിലുള്ള കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികൾ വഴി വാക്‌സിൻ വിതരണം ചെയ്യാനാണ് പദ്ധതി. രാജ്യമൊട്ടാകെ 14 ആശുപത്രികളാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ കീഴിലുള്ളത്.
മുഴുവൻ ആശുപത്രികളിലും വാക്‌സിനേഷൻ ആരംഭിക്കുന്നതിനായി നൂറ് കണക്കിന് ജീവനക്കാരെ പരിശീലിപ്പിച്ചതായി ഡിഎം ഹെൽത്ത്‌കെയർ അറിയിച്ചു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിക്കാൻ പോകുന്നതെന്ന് ആസ്റ്റർ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.