തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി കൊറോണ പരിശോധന വർധിപ്പിക്കുന്നതിന് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്.
ഒരാഴ്ചത്തെ ടിപിആർ 30 ശതമാനത്തിന് മുകളിലായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിൻ്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടർച്ചയായ മൂന്നു ദിവസം 100 കേസുകൾ വീതമുണ്ടെങ്കിൽ 300 ൻ്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടിപിആർ കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരാഴ്ചത്തെ ടിപിആർ 20നും 30 ശതമാനത്തിനും ഇടയ്ക്കായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തുന്നതാണ്. ഒരാഴ്ചത്തെ ടിപിആർ രണ്ടിനും 20 ശതമാനത്തിനും ഇടയ്ക്കായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തും. ഈ മൂന്ന് വിഭാഗങ്ങൾക്കും ആൻറിജൻ, ആർടിപിസിആർ, മറ്റ് പരിശോധനകളാണ് നടത്തുന്നത്.
ഒരാഴ്ചത്തെ ടിപിആർ രണ്ടു ശതമാനത്തിന് താഴെയായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളിൽ അഞ്ചു സാമ്പിൾ എന്ന നിലയിൽ ആർടിപിസിആർ പൂൾഡ് പരിശോധനയാണ് നടത്തുക. മുനിസിപ്പാലിറ്റി, കോർപറേഷൻ, പഞ്ചായത്ത്/ വാർഡ് എന്നിവിടങ്ങളിലെ സ്ഥിതി ജില്ലാ സർവയലൻസ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്ക്കുള്ള ടാർജറ്റ് നിശ്ചയിക്കുകയും ചെയ്യും.
കൂടുതൽ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, സ്ഥാപനങ്ങൾ, പ്രത്യേക പ്രദേശങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നൽകാം. ആവശ്യമെങ്കിൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകളും ഉപയോഗിക്കാം.