ആശുപത്രി ആവശ്യത്തിനുള്ള സ്പിരിറ്റ് കുടിച്ചു; പത്തനാപുരത്ത് രണ്ടു പേർ മരിച്ചു

പത്തനംതിട്ട: ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചെന്ന സംശയത്തിൽ പത്തനാപുരത്ത് രണ്ടുപേർ മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാഴി വടക്കേക്കര കടുവാത്തോട് പാറവിള പുത്തൻ വീട്ടിൽ പ്രസാദ് (48), ചെളിക്കുഴി ആശ്രയയിൽ മുരുകാനന്ദൻ (53) എന്നിവരാണ് മരിച്ചത്. ചെളിക്കുഴി രാജേന്ദ്രവിലാസത്തിൽ രാജീവ് (52), കടുവാത്തോട് വിധുഭവനിൽ ഗോപി (65) എന്നിവരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനാപുരത്തെ എസ്എഫ്എൽടിസിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മുരുകാനന്ദൻ. ഇവിടെ സൂക്ഷിച്ചിരുന്ന സർജിക്കൽ സ്പിരിറ്റ് മുരുകാനന്ദൻ കൊണ്ടുപോകുകയും സുഹൃത്തുക്കൾക്കൊപ്പം ഇത് ഉപയോഗിച്ചതുമാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ച ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ പ്രസാദിനെ തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മുരുകാനന്ദൻ ചികിത്സക്കിടെയാണ് മരിച്ചത്. അസ്വസ്ഥതകളെ തുടർന്ന് രാജേന്ദ്രനെയും ഗോപിയെയും മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.