കൊച്ചി : ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ചൊല്ലിയുള്ള രാജ്യദ്രോഹക്കേസില്‍ സിനിമാപ്രവര്‍ത്തക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. കേസില്‍ വിശദീകരണം നല്‍കാന്‍ കോടതി ലക്ഷദ്വീപ് പൊലീസിന് നിര്‍ദേശം നല്‍കി.
കേസ് പരിഗണിച്ചപ്പോള്‍ കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റണമെന്ന് ഹര്‍ജിക്കാരി തന്നെ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ ആവശ്യം കോടതി പരിഗണിച്ചു. കവരത്തി പൊലീസ് ഞായറാഴ്ച നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് 44 എ പ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ആയിഷ സുല്‍ത്താന കോടതിയെ അറിയിച്ചു.
ഇതിനിടെ ആയിഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കിയ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റും കേസില്‍ തങ്ങളെയും കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കൂടി കേട്ടശേഷം മാത്രമേ ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ഹര്‍ജിയില്‍ തീരുമാനം എടുക്കാവൂ എന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുള്ളത്.
രാജ്യദ്രോഹക്കേസ് നിയമപരമായി നിലനില്‍ക്കില്ല, ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് കേസെടുത്തതെന്ന് ആയിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ആയിഷ വ്യക്തമാക്കിയിരുന്നു.