നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ കൂട് തുറന്നതു പോലെ ഡെല്‍ഹിയിൽ വന്‍ ജനത്തിരക്ക്

ന്യൂഡെല്‍ഹി: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ കൂട് തുറന്നതു പോലെ ഡെല്‍ഹിയില്‍ വന്‍ ജനത്തിരക്ക്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മാളുകളില്‍ ഉള്‍പ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തി.

കൊറോണ വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് ഡെല്‍ഹിയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയത്.തുടർന്ന് ദീർഘനാളായി അടഞ്ഞുകിടന്നിരുന്ന മാളുകളും മെട്രോ സ്‌റ്റേഷനുകളുമെല്ലാം തുറന്നു. ഡെല്‍ഹിയിലെ പല മാളുകളിലും ആയിരത്തിലധികം ആളുകളാണ് കഴിഞ്ഞ ദിവസം എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെല്‍ഹിയില്‍ 228 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 12 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. 364 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ ഡെല്‍ഹിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,078 ആയി കുറഞ്ഞു. 14,03,569 പേരാണ് ഇതുവരെ കൊറോണ മുക്തി നേടിയത്.