ബുദാപെസ്റ്റ്: ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയും പരിശീലകനും നടത്തിയ വാർത്താസമ്മേളനം ശ്രദ്ധേയമാകുന്നു. വാർത്താസമ്മേളനത്തിന് എത്തിയ ക്രിസ്റ്റ്യാനോ മുമ്പിലെ മേശയിൽവെച്ചിരുന്ന കൂൾ ഡ്രിങ്ക്സിന്റെ കുപ്പികൾ എടുത്തുമാറ്റുകയായിരുന്നു. പകരം വെള്ളക്കുപ്പികൾ ഉയർത്തിക്കാണിക്കുകയും ചെയ്തു.
ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. യൂറോയിലെ ഔദ്യോഗിക സ്പോൺസർമാരാണ് കൊക്കോകോള. കൊക്കോ കോളയുടെ രണ്ട് ബോട്ടിലാണ് പോർച്ചുഗീസ് താരം മാറ്റിവെച്ചത്.
തന്റെ മകൻ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാൽ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.
നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് യൂറോയിലെ ഗ്രൂപ്പ് ഘട്ടം കടുപ്പമാണ്. ഫ്രാൻസ്, ജർമനി, ഹംഗറി എന്നീ ടീമുകളാണ് പോർച്ചുഗലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്. ഹംഗറിക്കെതിരേയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.