ക്രൂഡോയിൽ വില വർദ്ധനവിന്റെ ചുവട് പിടിച്ച് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് മൊത്തക്കച്ചവട സൂചിക (ഡബ്ല്യു.പി.ഐ ) അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം എക്കാലത്തേയും ഉയർന്ന നിരക്കായ 12.94 ശതമാനത്തിലെത്തി.
ഏപ്രിലിൽ ഡബ്ല്യു.പി.ഐ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 10.49 ശതമാനം ആയിരുന്നു. ഇത് പതിനൊന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് ആയിരുന്നു. ക്രൂഡോയിലിന്റെയും അനുബന്ധ ഉത്പന്നങ്ങളുടേയും വിലവർദ്ധനവു കാരണമാണ് പണപ്പെരുപ്പം ഉയർന്നിരിക്കുന്നത്.

തുടർച്ചയായ അഞ്ചാം മാസമാണ് ഡബ്ല്യു.പി.ഐ ഉയർന്ന നിലവാരം കടന്നത്. ലോ ബേസ് എഫക്ടും 2021 മേയ് മാസത്തിൽ ഡബ്ല്യു.പി.ഐ പണപ്പെരുപ്പം ഉയരുന്നതിന് കാരണമായി. 2020 മേയ് മാസത്തിൽ ഇത് (-) 3.37 ശതമാനം ആയിരുന്നു. കഴിഞ്ഞ മാസത്തെ ഒൻപത് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വ്യാവസായിക ഉത്പന്നങ്ങളുടെ പണപ്പെരുപ്പം മേയ് മാസത്തിൽ 10.8 ശതമാനമായി ഉയർന്നു.

2021 ഏപ്രിലിലെ 8.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാന പണപ്പെരുപ്പം 10 ശതമാനമായി വർദ്ധിച്ചു. ഇന്ധന-ഊർജ പണപ്പെരുപ്പത്തിൽ മേയ് മാസത്തിൽ 37.6 ശതമാനം വർദ്ധനവുണ്ടായി. ഏപ്രിലിൽ ഇത് 20.94 ശതമാനം ആയിരുന്നു. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.