ബംഗളൂരു: പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും എത്തി കര്‍ണാടകയില്‍ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ഇത്തരക്കാരെ കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് യെദിയൂരപ്പ പറഞ്ഞു.
ഉത്തര കന്നടയിലെ ഭട്കലില്‍ രേഖകളില്ലാതെ ആറു വര്‍ഷമായി താമസിക്കുന്ന പാകിസ്താനി യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചത്.
2015 മുതല്‍ ഭര്‍ത്താവ് ജാവിദ് മുഹിയുദ്ദീനൊപ്പം താമസിക്കുന്ന ഖദീജയാണ് അറസ്റ്റിലായത്. രേഖകളില്ലാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്നുവെന്ന കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖയുണ്ടാക്കി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ യുവതി നേടിയിരുന്നു.
മുഖ്യമന്ത്രിയായുള്ള കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സംസ്ഥാനത്തെ ഭൂമിയില്ലാത്തവര്‍ക്ക് വീടുവെക്കുന്നതിനാവശ്യമായ സ്ഥലം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും കൊറോണ കേസുകള്‍ കുറയുകയാണെങ്കില്‍ ലോക്ഡൗണ്‍ നീട്ടിയ ജില്ലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നും യെദിയൂരപ്പ പറഞ്ഞു.