ഫ്‌ളാറ്റിലെ പീഡനം; പ്രതി മാര്‍ട്ടിൻ മണിചെയിന്‍ പണമിടപാടുകളിലും പങ്കാളി; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതി ക്രൂര പീഢനത്തിനിരയായ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണിചെയിന്‍ മാതൃകയിലുള്ള പണമിടപാടുകളുള്ളതായി പോലീസിൻ്റെ കണ്ടെത്തൽ. മാർട്ടിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. മാര്‍ട്ടിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇയാള്‍ക്കു മണിചെയിന്‍ മാതൃകയിലുള്ള പണമിടപാടുള്ളതായി മൊഴിയുണ്ട്. പലരില്‍നിന്നും പണം വാങ്ങി വലിയ പലിശയ്ക്കു മറിച്ചുനല്‍കും.

പീഡിപ്പിക്കപ്പെട്ട യുവതിയില്‍ നിന്നും പണം വാങ്ങിയിട്ടു തിരികെ നല്‍കാത്തതിനെ ചൊല്ലിയാണു പീഡനം നടന്നത്. ഒരു വര്‍ഷമായി ഇരുവരും ഫ്‌ളാറ്റില്‍ ലിവിങ് ടുഗദര്‍ ആയിരുന്നു. അതേസമയം, സാക്ഷികളുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. ഫ്‌ളാറ്റിലെ താമസക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ മൊഴികള്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.

പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇയാളെപ്പറ്റി പൊതുജനത്തിനു പരാതിയുണ്ടെങ്കില്‍ അറിയിക്കണം എന്നാവശ്യപ്പെട്ടു പോലീസ് കഴിഞ്ഞ ദിവസം അറിയിപ്പു നല്‍കിയതോടെയാണിത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം പീഡനം നടന്ന മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലും ഒളിവില്‍ താമസിച്ച കാക്കനാട് ഫ്‌ളാറ്റിലുമെത്തി തെളിവെടുപ്പു നടത്തും.

മാര്‍ട്ടിനെതിരേ മറ്റൊരു പരാതി നല്‍കിയ യുവതിയില്‍നിന്നു പോലീസ് വിവരങ്ങള്‍ തിരക്കി. യുവതി താമസിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റ് പരിശോധിച്ചു. കഴിഞ്ഞ മേയ് 31ന് മാര്‍ട്ടിനും സുഹൃത്ത് സുധീറും ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി ആക്രമിച്ചെന്നാണു യുവതിയുടെ പരാതി. ഇന്‍ഫോപാര്‍ക്കിലെ ഐ.ടി. സ്ഥാപനത്തില്‍ ജീവനക്കാരിയാണു പരാതിക്കാരി.

തൃശൂര്‍ മുണ്ടൂര്‍ കിരാലൂര്‍ അയ്യംകുന്നത്തെ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന മാര്‍ട്ടിനെ വെള്ളിയാഴ്ചയാണ് പോലീസ് പിടികൂടിയത്. പോലീസ് എത്തിയപ്പോള്‍ പരിസരത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ മാര്‍ട്ടിനെ, സ്ഥലത്തെത്തിയ മുന്നൂറോളം പേരുടെ സഹായത്തോടെയാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാര്‍ച്ചിലാണു മോഡലിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിയായ യുവതി ഗുരുതര പരിക്കുകളുമായി കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്നു രക്ഷപെട്ടോടി പോലീസില്‍ പരാതി നല്‍കിയത്.