ന്യൂഡെൽഹി: വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എതിരേ ആരോഗ്യവിദഗ്ധര്‍. രാജ്യത്തെ വാക്സിനേഷന്‍ സമ്പ്രദായത്തില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. പ്രത്യേക വാക്സിന്‍ നഷ്ടപരിഹാര സംവിധാനം രൂപപ്പെടുത്താതെയുള്ള തീരുമാനം കൊറോണ വാക്സിനേഷനെയും ദേശീയ വാക്സിനേഷന്‍ പദ്ധതിയെയും പ്രതികൂലമായി ബാധിച്ചേക്കും.
ഫൈസര്‍, മോഡേണ തുടങ്ങിയ യുഎസ് വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ വാക്‌സിന്‍ കമ്പനികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അതേസമയം വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം തേടി കമ്പനികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഇതോടെ ഇല്ലാതാകും.
ഇന്ത്യ വാക്സിന്‍ കമ്പനികളുടെ ആവശ്യം അംഗീകരിച്ചാല്‍ പാര്‍ശ്വഫലങ്ങളുടെ നഷ്ടപരിഹാരം ആര് വഹിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിന് പരിഹാരമായി യുഎസ് മാതൃകയില്‍ ഒരു വാക്സിന്‍ നഷ്ടപരിഹാര സംവിധാനം സ്ഥാപിക്കേണ്ടിവരും. കേസുകളുടെ ഒരു കുത്തൊഴുക്ക് പ്രതീക്ഷിച്ച് തന്നെ വേണം ഇത് രൂപപ്പെടുത്താനെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.
വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിരവധിപേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ പരമാവധി വേഗത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി വികസിപ്പിച്ചെടുത്തവയാണ് കൊറോണ വാക്സിനുകള്‍. ഇവയില്‍ മിക്കതിനും രക്തം കട്ടപിടിക്കുന്നത് ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.