ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ സർക്കാർ വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർക്ക് നേരെ ഭീഷണിയുമായി രംഗത്ത്. വാക്സിൻ കുത്തിവെക്കാൻ തയാറാവാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചത്.
”പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിൽ ആളുകൾ വളരെ മടി കാണിക്കുകയാണെന്നും അതിനാലാണ് ഇത്തരം കടുത്ത തീരുമാനമെടുത്തതെന്നും” സർക്കാർ വക്താവ് വ്യക്തമാക്കി. പഞ്ചാബ് ആരോഗ്യ മന്ത്രി ഡോ. യാസ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനമായത്.
കുത്തിവെപ്പിന് വിസമ്മതിക്കുന്ന സിവിൽ തൊഴിലാളികൾക്ക് ജൂലൈ മുതൽ ശമ്പളം നൽകില്ലെന്ന് സിന്ധ് പ്രവിശ്യയിലെ അധികൃതർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചാബിൽ നിന്നുള്ള അറിയിപ്പ്.
വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി കടുത്ത പരിശ്രമം നടത്തുന്നുണ്ടെങ്കിലും പാക്കിസ്താനിൽ ഫസ്റ്റ് ഡോസ് വാക്സിനെടുത്ത മൂന്ന് ലക്ഷത്തിലധികം ആളുകൾ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ വരാതിരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.