ന്യൂഡെല്‍ഹി: ജയിലില്‍ പ്രത്യേക ഭക്ഷണവും അനുബന്ധ സംവിധാനങ്ങളും വേണമെന്ന ഗുസ്തി താരം സുശീല്‍ കുമാറിന്റെ അപേക്ഷ തള്ളി ഡെല്‍ഹി കോടതി. ഒളിമ്പിക്‌സിന് തയ്യാറെടുക്കാന്‍ ജയിലില്‍ പ്രോട്ടീന്‍ ഷേക്കും വ്യായാമത്തിനുള്ള ബാന്‍ഡും വേണമെന്ന സുശീലിന്റെ ആവശ്യമാണ് ഡെല്‍ഹി ഹൈക്കോടതി തള്ളിയത്.
സുശീലിന്റെ ആവശ്യം വെറും മോഹവും ആഗ്രവും ആണെന്ന് നിരീക്ഷിച്ച കോടതി ഇവയൊന്നും അത്യാവശ്യമല്ലെന്നും പറഞ്ഞു. 2018 ലെ ഡെല്‍ഹി ജയില്‍ നിയമങ്ങള്‍ക്ക് അനുസൃതമായ അളവില്‍ പോഷക പ്രദമായ ആഹാരങ്ങള്‍ തന്നെയാണ് ജയില്‍ ലഭിക്കുന്നതെന്നും അതില്‍ കൂടുതലായി ഒന്നും പ്രതിക്ക് നല്‍കാന്‍ കഴിയില്ലെന്നും അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞു.
പ്രതി ഒരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നില്ലെന്നും നിയമം എല്ലാവര്‍ക്കും തുല്യമായിരിക്കണമെന്നും തുല്യമായി നടപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സുശീല്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഒളിമ്പിക് ജേതാവ് കൂടിയായ സുശീല്‍ കുമാര്‍ ഇപ്പോള്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. ടോക്യോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അതിനാല്‍ പ്രത്യേക സൗകര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചത്.