ഇംഫാല്‍: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും ബോക്‌സിംഗ് താരവുമായിരുന്ന ഡിങ്കോ സിങ് അന്തരിച്ചു. നാല്‍പത്തിയൊന്ന്കാരനായ ഡിങ്കോ സിങ് ഏറെ നാളായി കാന്‍സര്‍ ബാധിതനായിരുന്നു. 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക വേണ്ടി സ്വര്‍ണ മെഡല്‍ സമ്മാനിച്ച വ്യക്തിയാണ് ഡിങ്കോ സിങ്.
കഴിഞ്ഞ വര്‍ഷം കാന്‍സറിന് പുറമെ കൊറോണ ബാധിതനായെങ്കിലും അദ്ദേഹം രോഗമുക്തനായി തിരിച്ചെത്തി. ഏപ്രിലില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇംഫാലില്‍ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയിലേക്ക് എത്തിച്ചിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തവും ബാധിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവാന്‍ ഇടയാക്കി. 1998ല്‍ അര്‍ജുന അവാര്‍ഡും 2013ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ആറ് വട്ടം ലോക ചാമ്പ്യനായ മേരി കോം ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോക്‌സിങ്ങില്‍ വഴികാട്ടിയായ വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ നേവിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.