മുട്ടിലിൽ മരം മുറിച്ച്‌ കടത്തിന് പിന്നിൽ വൻ മാഫിയ; കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് മുട്ടിലിൽ മരം മുറിച്ച്‌ കടത്തിയതിന് പിന്നിൽ വൻ മാഫിയ എന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മരം മുറിച്ചു നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ചോദിച്ചു.

മുട്ടിൽ മരം മുറി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ ആന്റോ അഗസ്റ്റിനും ജോസു കുട്ടി അഗസ്റ്റിനും ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിയമപരമായി നിലനിൽക്കില്ല എന്നുമായിരുന്നു പ്രതികളുടെ വാദം.

എന്നാൽ പ്രതികളുടെ ആവശ്യത്തെ ശക്തമായി എതിർത്ത സർക്കാർ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. ഒട്ടേറെ ഉന്നതബന്ധങ്ങൾ ഉള്ള കേസാണിത്. മരം മുറിച്ചു കടത്തിയതിന് പിന്നിൽ വൻ മാഫിയകൾ ഉണ്ട്. കോടികളുടെ മരം ഇവർ മുറിച്ചു കടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വില്ലേജ് ഓഫീസർമാർ അടക്കം അന്വേഷണം നേരിടുകയാണ്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് പ്രതികൾ മരങ്ങൾ മുറിച്ചു നടത്തിയതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച ജസ്റ്റിസ് നാരായണ പിഷാരടി അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളി.

അതേസമയം മുറിച്ചു കടത്തിയ മരങ്ങൾ കണ്ടു കെട്ടുന്നത് ചോദ്യം ചെയ്തു ലിസമ്മ സെബാസ്റ്റ്യൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി എടുത്തു എന്ന് കോടതി ചോദിച്ചത്.

എന്തടിസ്ഥാനത്തിലാണ് മരങ്ങൾ മുറിക്കാൻ ഇത്തരത്തിൽ അനുമതി നൽകിയതെന്നും ജസ്റ്റിസ് പി ഗോപിനാഥ് ചോദിച്ചു. മരം മുറിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുറിച്ചു കടത്തിയ മരങ്ങൾ കണ്ടു കെട്ടുന്നതിന് എതിരായ ഹർജിയിൽ വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.