ന്യൂഡെൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന അനുപ് ചന്ദ്ര പാണ്ഡേയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ച് കേന്ദ്ര സർക്കാർ. 1984ലെ ഉത്തർ പ്രദേശ് കേഡർ ഉദ്യോഗസ്ഥനായ അനുപ് ചന്ദ്ര പാണ്ഡേ ഏപ്രിൽ 12ന് സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതിനാൽ അനുപ് ചന്ദ്രയുടെ നിയമനം അതീവ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നിരീക്ഷണം നടത്തുന്നത്. ബിജെപി കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള അനുപ് ചന്ദ്രയുടെ നിയമനത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട് .
2019 ഓഗസ്റ്റിൽ വിരമിക്കുന്നതിന് മുമ്പ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയായിരുന്നു അനുപ്. യോഗി ആദിത്യ സർക്കാറിന് കീഴിൽ അടിസ്ഥാന സൗകര്യ-വ്യവസായ വികസന കമീഷണറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിരമിച്ച ശേഷം യോഗിയുടെ ഉപദേഷ്ടാവായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.