ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കൊറോണ മൂന്നാം തരംഗം ഉണ്ടാകുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. മൂന്നാം തരംഗം കൂടുതലായി ബാധിക്കുക കുഞ്ഞുങ്ങളെയാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനു തെളിവൊന്നുമില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറയുന്നത്.
പുതിയ കൊറോണ വകഭേദമോ പഴയ കൊറോണ വകഭേദമോ കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന് കാണിക്കുന്നില്ലെന്ന് ഗുലേറിയ വ്യക്തമാക്കി. എന്നാൽ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60-70 ശതമാനം പേരും അനുബന്ധ രോഗമുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യശേഷിയുള്ള കുട്ടികൾ ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞു.1918ലെ ഇൻഫ്‌ളൂവൻസ മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയർന്നത്. എന്നാൽ വൈറസിന്റെ മൂന്നാം തരംഗത്തിൽ രോഗവ്യാപനം കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.