മഞ്ചേശ്വരത്ത് പിന്മാറാൻ കെ സുന്ദരയ്ക്ക് പണം നൽകി; കെ സുരേന്ദ്രന്റെ പേരിൽ കേസെടുക്കും

കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കെ സുന്ദരയ്ക്ക് രണ്ടരലക്ഷം നൽകിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരിൽ പോലീസ് കേസെടുക്കും. ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി കഴമ്പുള്ളതാണെന്ന് കണ്ടെത്തി. കേസെടുക്കാൻ കോടതിയുടെ അനുമതി വേണ്ടതിനാൽ ഇന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് അപേക്ഷ നൽകും.

കെ. സുന്ദര, വിവി രമേശൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിൽ സുന്ദര ഉറച്ചുനിന്നു. തിരഞ്ഞെടുപ്പ് കാലത്ത് സുന്ദരയെ കാണാതായ സംഭവത്തിൽ നൽകിയ മൊഴിയും മാധ്യമങ്ങളിൽ നൽകിയ വെളിപ്പെടുത്തലും പോലീസ് പരിശോധിച്ചു. ബലമായി കാറിൽ തട്ടിക്കൊണ്ടു പോയെന്നും ഭീഷണിപ്പെടുത്തി പണം നൽകിയെന്നും സുന്ദര മൊഴിനൽകി. ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

ശനിയാഴ്ചയാണ് വിവി രമേശൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കെ സുരേന്ദ്രനെ കൂടാതെ ഏജന്റുമാരായ ബിജെപി. നേതാക്കൾ സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുടെ പേരിലും കേസെടുക്കണമെന്നാണ്‌ പരാതിയിലെ ആവശ്യം. ഇവർക്കൊപ്പം പണം നൽകിയെന്ന് സുന്ദര മൊഴിനൽകിയ സുനിൽ നായ്കിന്റെ പേരിലും പോലീസ് കേസെടുക്കും.

പത്രിക പിൻവലിക്കൻ രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും ബിജെപി നേതാക്കൾ കൈകൂലി നൽകിയെന്നാണ് പരാതി. ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയ കെ. സുന്ദര പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നിരുന്നു.