തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് കഴിഞ്ഞവർഷം യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ തിരക്കിട്ട് ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കോഴ്സുകൾ നടത്തുവാൻ യുജിസി യുടെ അംഗീകാരം ലഭിക്കാത്തതിനാൽ ഈ വർഷവും വിദ്യാർഥികൾക്ക് കോഴ്സുകളിൽ പ്രവേശനം നൽകാനാവില്ല. നിരവധി നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ കോഴ്‌സുകൾ നടത്താനുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും സർവകലാശാലയ്ക്കില്ല.
കോഴ്‌സുകൾക്ക് യുജിസി അനുമതി ലഭിച്ച ശേഷം മാത്രമേ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിക്കാൻ പാടുള്ളുവെന്ന സർക്കാർ നിയമിച്ച സെപ്ഷ്യൽ ഓഫീസറുടെ റിപ്പോർട്ട് നിരാകരിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം തിരക്കിട്ട് യൂണിവേഴ്സിറ്റി ആരംഭിച്ചത്. വൈസ് ചാൻസലർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചതും വലിയ വിവാദമായിരുന്നു.
കേരള,കാലിക്കറ്റ്,എംജി, കണ്ണൂർ, സർവ്വകലാശാലകളിലുള്ള സമാന്തര ബിരുദ പഠനവും വിദൂര പഠനവും വേർപെടുത്തിയതായ നിയമഭേദഗതി നിയമസഭ അംഗീകരിച്ചതുകൊണ്ട് പ്രസ്തുത സർവകലാശാലകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേനയോ വിദൂര പഠനത്തിലൂടെയോ ഉള്ള കോഴ്‌സുകൾ മേലിൽ നടത്താനാവില്ല. കഴിഞ്ഞവർഷം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരള,കാലിക്കട്ട് സർവ്വകലാശാലകൾ സമാന്തര കോഴ്സുകൾ തുടർന്നത്.
എന്നാൽ ഈ വർഷം വിദൂര കോഴ്സുകൾ നടത്തുവാൻ അനുമതിക്കുള്ള അപേക്ഷ കേരള,കാലിക്കട്ട് സർവകലാശാലകൾ യുജിസിക്ക് സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് ഇവിടെ വിദൂര വിദ്യാഭ്യാസ പഠനം തുടരുവാൻ സാങ്കേതിക തടസങ്ങളുണ്ട്. അഫീലിയേറ്റിങ് യൂണിവേഴ്സിറ്റികളിൽ സമാന്തര കോഴ്‌സുകൾ സ്ഥിരമായി നടത്താൻ ഓർഡിനൻസ് ഇറക്കുകയാണ് പ്രശ്ന പരിഹാരത്തിനുള്ള വഴി.
സംസ്ഥാനത്തെ പ്ലസ് ടു പാസാകുന്ന വിദ്യാർത്ഥികളിൽ ഒരു ലക്ഷത്തോളം പേർ തുടർ വിദ്യാഭ്യാസത്തിന് സമാന്തര പഠനത്തെയാണ് ആശ്രയിക്കുന്നത്. സർക്കാരിൻ്റെ നടപടി മൂലം ഈ രംഗത്ത് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നല്ലൊരു പങ്ക് തുടർ പഠനത്തിന് അന്യ സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ രജിസ്റ്റർ ചെയ്യുകയാണ് മുന്നിലുള്ള സാദ്ധ്യത.
ഓപ്പൺ യൂണിവേഴ്സിറ്റികളുള്ള സംസ്ഥാനങ്ങൾ, അവിടുള്ള മറ്റ് യൂണിവേഴ്സിറ്റികൾ സമാന്തര വിദ്യാഭ്യാസം നടത്തുന്നത് തടഞ്ഞിട്ടില്ല.
റെഗുലർ കോളേജ് പഠനത്തിന് പ്രവേശനം ലഭിക്കാത്ത ആയിരകണക്കിന് വി ദ്യാർഥികൾ അഫിലിയേറ്റിങ് സർവകലാശാലകളിൽ പഠനം തുടരാൻ താൽപ്പര്യപെടുന്നുണ്ട്.
ഇത് മനസിലാക്കി സംസ്ഥാനത്തെ അഫിലിയേറ്റിങ് സർവകലാശാലകൾക്ക് സമാന്തര വിദ്യാഭ്യാസവും വിദൂര വിദ്യാഭ്യാസവും നടത്തുവാനുള്ള അധികാരം സ്ഥിരമായി നല്കണമെന്നും അതിന നുസൃതമായി സർവകലാശാല നിയമങ്ങൾ അടിയന്തിരമായി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ,സെക്രട്ടറി എം ഷാജിർഖാൻ എന്നിവർക്കും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.