ചെന്നൈ: തമിഴ്‌നാട് വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹം ചത്തത് കൊറോണ ബാധയെ തുടര്‍ന്നെന്ന് സംശയം. അരിഗ്‌നാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലെ ഒന്‍പത് വയസുള്ള പെണ്‍ സിംഹമാണ് ചത്തത്.
മൃഗശാലയിലുള്ള മറ്റ് ഒന്‍പത് സിംഹങ്ങള്‍ക്ക് പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇവയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.
സഫാരി പാര്‍ക്ക് ഏരിയയിലെ അനിമല്‍ ഹൗസ് 1 ല്‍ പാര്‍പ്പിച്ചിരുന്ന സിംഹങ്ങള്‍ക്ക് വിശപ്പ് കുറയുന്നതും ഇടയ്ക്കിടെ ചുമയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു സിംഹം ചത്തത്.
ചത്ത സിംഹത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൊറോണ വൈറസ് ബാധയാണെന്നാണ് സംശയം. ഇത് ചത്തതിനെ തുടര്‍ന്നാണ് മറ്റ് സിംഹങ്ങളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്്.
തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെ മൃഗശാലയും അടച്ചിരുന്നു. കൊറോണബാധയ്ക്ക് എതിരെ മുന്‍കരുതലും സ്വീകരിച്ചിരുന്നു. എന്നാല്‍ എങ്ങിനെയാണ് സിംഹങ്ങള്‍ക്ക് കൊറൊണ ബാധിച്ചതെന്ന് വ്യക്തമല്ല.
നേരത്തെ ഹൈദരബാദ് മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തത് ചികിത്സിച്ച് ഭേദമാക്കിയിരുന്നു. ഇതിനാല്‍ വണ്ടല്ലൂര്‍ മൃഗശാല ജീവനക്കാര്‍ ഹൈദരബാദിലെ മൃഗശാല വൈറ്റിനറി ടീമുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരി്കകാനുള്ള തയ്യാറെടുപ്പിലാണ്.