ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗ ഗുരു ബാബാ രാംദേവും രചിച്ച പുസ്തകങ്ങൾ ബിരുദ വിദ്യാർത്ഥികളുടെ തത്ത്വശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഉത്തർപ്രദേശ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ സർവകലാശാലകളിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ ശുപാർശയെ തുടർന്നാണ് സർക്കാർ നടപടി.
മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റി ഇതിനകം തന്നെ സിലബസിൽ ബാബാ രാംദേവിൻ്റെയും യോഗി ആദിത്യനാഥിൻ്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ഹത്യോഗ കാ സ്വരൂപ് വാ സാധ്‌ന’, ബാബ രാംദേവിന്റെ ‘യോഗ സാധന വാ യോഗ ചികിത്സ രഹസ്യം’ എന്നിവ രണ്ടാം സെമസ്റ്റർ ബിരുദ തത്വശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമായിയിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉയർന്ന സാഹിത്യമൂല്യം കൂടി പരിഗണിച്ചാണ് പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നാണ് സിലബസ് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗം വ്യക്തമാക്കുന്നത്.