ലഖ്‌നൗ: ലഖ്‌നൗവില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെയും സ്വകാര്യ ജെറ്റുകളുടെയും നിരക്കുകളില്‍ 10 മടങ്ങ് വരെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ കാലയളവിലെ സാഹചര്യങ്ങള്‍ മുതലെടുത്താണ് ഈ വാര്‍ദ്ധനവ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലഖ്‌നൗവിന് പുറമെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത മറ്റ് വിമാനത്താവളങ്ങളിലും സമാന രീതിയില്‍ നിരക്ക് വര്‍ദ്ധനവ് ഉണ്ടായേക്കും. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം അടക്കം അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് 2019ല്‍ 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പ് കരാര്‍ നേടിയിരുന്നു. വിമാനത്താവള സ്വകാര്യവത്കരണത്തിന് എതിരെ കേരളത്തിലടക്കം വലിയ പ്രതിഷേധവും നടന്നിരുന്നു.
രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് പലവിധത്തിലുള്ള ചാര്‍ജുകള്‍ നിര്‍ണയിക്കുന്നതെങ്കിലും ഗ്രൗണ്ട് ഹാന്‍ഡിലിംഗ് കമ്പനികള്‍ക്ക് പരിധിക്ക് ഉള്ളില്‍ നിന്നുകൊണ്ട് ചാര്‍ജ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇതാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളത്തിലെ നിരക്ക് വര്‍ദ്ധനവിന് കാരണമായതെന്ന് വേണം കരുതാന്‍. അതേസമയം നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച റിപ്പോര്‍ട്ടിനോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.