വാക്​സിൻ ക്ഷാമം; കോവിഷീൽഡ് വാക്​സിന്റെ ഒറ്റ ഡോസ്​ പരി​ഗണനയിൽ

ന്യൂഡെൽഹി: രാജ്യത്ത്​ വാക്​സിൻ ക്ഷാമം രൂക്ഷമായിരിക്കെ, കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കോവിഷീൽഡ് വാക്​സിന്റെ ഒറ്റ ഡോസ്​ ഫലപ്രദമാണോ എന്ന്​ കേന്ദ്രം പരിശോധിക്കുന്നു. കോവിഷീൽഡ് വൈറൽ വെക്ടർ പ്ലാറ്റ്‌ഫോം അടിസ്ഥാനമായി നിർമിച്ച വാക്‌സിനാണ്. അതുപോലെ നിർമിക്കപ്പെട്ട ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ അമേരിക്കയിൽ ഒറ്റ ഡോസാണ് നൽകുന്നത്.

സമാനമായ രീതിയിൽ കോവിഷീൽഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. ഓഗസ്‌റ്റോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വാക്‌സിൻ ട്രാക്കിങ്ങിനായി സർക്കാർ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ വിവരങ്ങൾ ശേഖരിച്ച്‌ വിശകലനം ചെയ്താവും ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുക.

അമേരിക്കൻ‌ കൊറോണ പ്രതിരോധ വാക്‌സിനായ ജോൺസൺ ആൻഡ് ജോൺസൺ രാജ്യത്ത് വിതരണം ചെയ്യുന്ന കൊറോണ വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച്‌ പഠിക്കുന്നതിനായി മാർച്ച്‌-ഏപ്രിൽ മാസത്തോടെതന്നെ ചർച്ചകൾ ആരംഭിച്ചിരുന്നതായി നാഷനൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്​ ഓൺ ഇമ്യൂണൈസേഷനു കീഴിലുള്ള കൊറോണ പ്രവർത്തക സമിതിയുടെ ചെയർമാൻ ഡോ. എൻ.കെ അറോറ വ്യക്തമാക്കി.

കോവിഷീൽഡ്​ ആദ്യ വാക്​സിനും രണ്ടാം വാക്​സിനും തമ്മിലുള്ള ഇടവേള നേരത്തെ വർധിപ്പിച്ചിരുന്നു. രാജ്യത്ത്​ ഏറ്റവുമധികം വാക്​സിൻ​ ഡോസ്​ വിതരണം ചെയ്​തത്​ കോവിഷീൽഡാണ്​.