കൊച്ചി: ക്ലബ്ഹൗസ് ആപ്പ് എന്ന ഓഡിയോ ആപ്പ് അതിവേഗത്തിൽ തരംഗമാകുന്നതിനിടെ വിവാദങ്ങളും കൊഴുക്കുന്നു. നേരത്തെ ഐഒഎസിൽ ലഭ്യമായിരുന്ന ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് മെയ് 21ന് എത്തിയതോടെയാണ് ഈ ‘ശബ്ദ’ ആപ്പ് പെട്ടെന്ന് രംഗം കീഴടക്കിയത്. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്ലബ്ഹൗസ് വലിയ ചർച്ചയാണ് ഉണ്ടാക്കുന്നത്.
സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം. ഈ ആപ്പിന്റെ പ്രത്യേകതകളും മറ്റും ഏറെ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇതോടൊപ്പം ക്ലബ് ഹൗസ് ആപ്പുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം ക്ലബ് ഹൗസ് ആപ്പുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്.
ക്ലബ് ഹൗസ് ആപ്പുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് നടൻ ദുൽഖർ സൽമാൻ. തന്റെ പേരിൽ ക്ലബ്ഹൗസിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചതായി ദുൽഖർ സൽമാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരത്തിൽ തന്റെ പേരിൽ ആൾമാറാട്ടം നടത്തരുതെന്ന് ദുൽഖർ സൽമാൻ ആവശ്യപ്പെട്ടു. ഇത് അനുവദിച്ചു കൊടുക്കാൻ സാധിക്കില്ലെന്നും ദുൽഖർ മുന്നറിയിപ്പ് നൽകി.
ക്ലബ് ഹൗസിൽ തനിക്ക് അക്കൗണ്ടില്ല. എന്നാൽ തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിൽ നിന്ന് പിന്മാറണം – ദുൽഖർ കുറിച്ചു.