കേന്ദ്രം തിരികെ വിളിച്ച ബംഗാൾ ചീഫ് സെക്രട്ടറിയെ വിട്ടുനൽകാതെ മമത ; ആലാപൻ ബന്ദോപധ്യായ ത്രിശങ്കുവിൽ

കൊൽക്കത്ത: കേന്ദ്ര സർക്കാർ തിരികെ വിളിച്ച ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപധ്യായ നാളെ ഡെൽഹി ഹാജരായേക്കില്ല. തിങ്കളാഴ്ച്ച ആലാപൻ ബന്ദോപധ്യായ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ബംഗാൾ സർക്കാരിന് നൽകിയിരുന്ന നിർദേശം.

ചട്ടപ്രകാരം, സംസ്ഥാന സർക്കാർ ചുമതലകളിൽനിന്ന് ഒഴിവാക്കിയെങ്കിൽ മാത്രമെ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യാൻ സാധിക്കൂ.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്നും മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്രം തിരിച്ചു വിളിച്ചത്. യോഗത്തിൽ ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല.

ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ട യോഗം നാളെ മമത ബാനർജി കൊൽക്കത്തയിൽ നിശ്ചയിച്ചിട്ടുണ്ട്. മമത നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കിടയിലെ വലിയ തർക്കമായി ഇത് മാറുമെന്ന് ഉറപ്പാകുകയാണ്.