ന്യൂഡെൽഹി: പുതിയ ഐടി നിയമങ്ങൾ നടപ്പാക്കുന്നതോടൊപ്പം രാജ്യത്ത് അനിയന്ത്രിതമായി പ്രവർത്തിക്കുന്ന വിഡിയോ കോൾ ആപ്പുകൾ വിലക്കാൻ സാധ്യത. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിക്കുക. ആപ്പുകൾക്ക് ലൈസൻസിങ് സംവിധാനം തയാറാക്കുന്നതിനുമുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അഭിപ്രായം തേടിയതായും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്കൈപ്പ്, ഫെയ്സ്ബുക് മെസഞ്ചർ, വാട്സാപ് പോലുള്ള കോളിങ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വാട്സാപ്, ഫെയ്‌സ്ബുക് മെസഞ്ചർ, സ്കൈപ്പ് തുടങ്ങിയ വിഡിയോ കോളിങ് ആപ്ലിക്കേഷനുകളെ പരിധിയിൽ കൊണ്ടുവരാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
വിഡിയോ കോളിങ് ആപ്പുകൾക്കും രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസിങ് നടപ്പിലാക്കണം. ടെലികോം കമ്പനികളെ പോലെ തന്നെ വിഡിയോ കോളിങ് ആപ്പുകളും ഡോട്ടിന്റെ കീഴിൽ വരണം. ടെലികോം കമ്പനികൾ ചെയ്യുന്നത് പോലെ വിഡിയോ കോളിങ് ആപ്പുകളും ആവശ്യം വരുമ്പോൾ നിയമ നിർവഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകണമെന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞത്.