ഹെൽസിങ്കി: ഫിൻലൻഡിൽ പ്രഭാത ഭക്ഷണത്തിന്റെ ബില്ലിനെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. പ്രധാനമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണു പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനമാകുന്നത് വരെ ആനുകൂല്യം വാങ്ങില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
34-ാം വയസിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോർഡോടെ അധികാരത്തിലെത്തിയ സന മരിനെതിരെയാണ് അന്വേഷണം.ഔദ്യോഗിക വസതിയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ പേരിൽ സന പ്രതിമാസം 300 യൂറോ (26,479 രൂപ) കൈപ്പറ്റിയെന്ന് ഒരു ടാബ്ലോയിഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.
സനയുടെ മുൻഗാമികൾക്കും ഇത്തരത്തിൽ ആനുകൂല്യം നൽകിയിരുന്നുവെന്നാണ് സർക്കാർ വാദം. പ്രധാനമന്ത്രിയെന്ന നിലയിൽ താൻ യാതൊരു ആനുകൂല്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും തീരുമാനമെടുക്കുന്നതിൽ പങ്കാളിയായിട്ടില്ലെന്നും സന ട്വിറ്ററിൽ പ്രതികരിച്ചു. എന്നാൽ ജനങ്ങളുടെ നികുതിപ്പണം പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നത് ഫിൻലൻഡിലെ നിയമങ്ങൾക്കെതിരാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.