വാക്സിൻ വേണമെങ്കിൽ രഹസ്യ കരാറിൽ ഒപ്പ് വെയ്ക്കണം; നേപ്പാളിനോട് ചൈന

കാഠ്മണ്ഡു : കൊറോണ വാക്സിൻ നൽകുന്നതിന്റെ പേരിൽ നേപ്പാളിനെ രഹസ്യകരാറിൽ ഒപ്പുവെയ്പ്പിക്കാനുളള നീക്കവുമായി ചൈന. ചൈനീസ് വാക്‌സിനുകൾ ലഭിക്കണമെങ്കിൽ വിശദാംശങ്ങൾ വെളിപ്പെടുത്താത്ത കരാറിൽ ഒപ്പുവെക്കണമെന്ന നിർദ്ദേശമാണ് ചൈന മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നേപ്പാൾ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയുമായി ഫോണിൽ നടത്തിയ ചർച്ചയ്ക്കിടെയാണ് ഒരു മില്യൺ ഡോസ് കൊറോണ വാക്സിൻ നേപ്പാളിന് നൽകാമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് അറിയിച്ചു. ലോക ബാങ്ക്, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ ഏജൻസികളിൽ സഹായങ്ങൾ ലഭിക്കണമെങ്കിൽ പോലും നേപ്പാൾ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണം.

വാക്‌സിൻ നൽകാനായി ചൈന മുന്നോട്ട് വച്ചിരിക്കുന്ന കരാർ നേപ്പാളിനെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്. സിനോഫാർമിൽ നിന്ന് ഈ കരാറിൽ ഒപ്പ് വയ്ക്കാനുള്ള നിർദ്ദേശം നേപ്പാൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് നേപ്പാൾ ആരോഗ്യ സേവന വകുപ്പ് ഡയറക്ടർ ജനറൽ ദിപേന്ദ്ര രാമൻ സിംഗ് പറഞ്ഞു.

കരാർ ഒപ്പിട്ടതിനുശേഷം മാത്രമേ കമ്പനി വാക്‌സിന്റെ അളവ്, വില, ഡെലിവറി ഷെഡ്യൂൾ എന്നിവയെക്കുറിച്ച്‌ നേപ്പാളിനെ അറിയിക്കൂ എന്നതാണ് പ്രധാന പ്രശ്‌നം .മാത്രമല്ല നേപ്പാളിനെ സംബന്ധിച്ചിടത്തോളം പ്രതിരോധ മേഖലയിലല്ലാതെ മറ്റൊരു മേഖലകളിലും ഇത്തരത്തിൽ രഹസ്യ സ്വഭാവമുള്ള കരാറിൽ ഏർപ്പെടാറില്ല .