ലക്നൗ : മൂന്ന് പൊലീസുകാര്‍ വന്ന് മകനെ കൂട്ടിക്കൊണ്ടുപോയി മാസ്ക് ധരിക്കാത്തതിന് യുവാവിന്റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റിയെന്നാണ് മാതാവിന്റെ പരാതി.
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മകനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയില്ലെന്ന മറുപടി, പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഗുരുതരമായി പരിക്കേറ്റ നിലയില്‍ മകനെ കണ്ടെത്തുകയായിരുന്നു.കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റാണ് തന്റെ മകന് ജീവിക്കുന്നതെന്നും രാത്രി പണി കഴിഞ്ഞ് വരുമ്പോൾ പൊലീസുകാര്‍ തടയുകയും മാസ്ക് ധരിക്കാത്തതിന് മര്‍ദിക്കുകയുമായിരുന്നുവെന്നും മാതാവ് പറയുന്നു.
‘അവനെ വടി കൊണ്ട് തല്ലുകയും കൈകാലുകളില്‍ ആണി അടിച്ച് കയറ്റുകയും ചെയ്തു. ചെവിയില്‍ നിന്ന് ചോരയും ഒഴുകുന്നുണ്ടായിരുന്നു. ഇതിനെതിരെ പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി’ -മാതാവ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ പൊലീസിന്റെ ക്രൂരതക്കെതിരെ പരാതി നല്‍കുന്നത്. അതേസമയം, ആരോപണങ്ങള്‍ തെറ്റാണെന്ന് എസ്.പി രോഹിത് സജ്വാന് പറഞ്ഞു. യുവാവ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.