കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെ ഭരണപരിഷ്കാരത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പിപി മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ടു പേർ രാജിവച്ചു. അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എപി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്ത് കൈമാറി.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് വീണ്ടും നടപടിയും എടുത്തിരുന്നു. പ്രഫുൽ ഗോഡ പട്ടേലിന്റെ ഭരണപരിഷ്കാരത്തിൽ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളാണ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വിമർശനം.
അഡ്മിനിസ്ട്രേറ്റർക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പേരിൽ കൽപേനിയിൽ രണ്ട് പ്രതിഷേധക്കാരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കൂടാതെ നേരിട്ട് സ്റ്റേഷനിൽ ഹാജരാകണമെന്നും പോലീസ് ആവശ്യപ്പെട്ടു. അതേസമയം, അഗത്തിയിൽ കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെ വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ എത്താനും നിർദേശം നൽകി.
അതേസമയം, ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കോടതി ചുമതലകളിൽനിന്ന് നീക്കി സർക്കാർ ജോലികളിൽ നിയോഗിച്ചതാണ് തടഞ്ഞത്. സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൾ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.