കൊച്ചി: നടി പൗളി വല്‍സനും കുടുംബവും കൊറോണ പ്രതിസന്ധിയില്‍ ആണെന്നും കുടുംബം സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. പൗളിയുടെ ഭര്‍ത്താവ് വല്‍സന്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഡയാലിസിസിന് വിധേയനാകുന്ന വല്‍സന്‍ 40000 രൂപയുടെ ഇന്‍ഞ്ചക്ഷന്‍ ആവശ്യമാണ്. അതുകൊണ്ട് പൗളിയെ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്.
താന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട വാര്‍ത്തയില്‍ പ്രതികരണവുമായി എത്തുകയാണ് പൗളി.
താന്‍ ആരോടും അഞ്ച് പൈസ പോലും ചോദിച്ചിട്ടില്ലെന്നും തനിക്ക് ബുദ്ധിമുട്ടാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ കിട്ടാനുള്ള പൈസ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും ഇനി ദൈവത്തെയോര്‍ത്ത് ആരും പൈസ അയക്കരുതെന്നുമാണ് പൗളി പറയുന്നത്.
പൗളിയുടെ വാക്കുകൾ:
എനിക്ക് കൊവിഡാണ്. എന്റെ ഭര്‍ത്താവിനും കൊവിഡാണ്. അദ്ദേഹം ഡയാലിസിസ് പേഷ്യന്റ് ആയതുകൊണ്ട് കുറച്ച് സീരിയസാണ്. അദ്ദേഹം ഇപ്പോള്‍ ഐസിയുവിലാണ്. എന്നാല്‍ ആ പേര് പറഞ്ഞ് ഞാന്‍ ആരോടും പത്ത് പൈസ പോലും ചോദിച്ചിട്ടില്ല.
ഞാന്‍ ജോലി ചെയ്ത കാശു തന്നെ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. അതെല്ലാം എനിക്ക് അസുഖമാമെന്ന് അറിഞ്ഞപ്പോള്‍ എന്റെ അക്കൗണ്ടിലേക്ക് വന്നു. പിന്നെ ഞാന്‍ ആരേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലല്ലോ. അതുമാത്രമല്ല ഞാന്‍ ആരോടും ഒരിക്കലും സഹായം ചോദിക്കുന്ന ആളല്ല.
എനിക്ക് വ്യക്തിപരമായി തന്നെ സഹായിക്കാന്‍ ഒരുപാട് പേരുണ്ട്.
ഇതെങ്ങനെ വന്നെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നോട് സ്‌നേഹമുള്ള ആളുകളായിരിക്കും പൈസ ഇട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ എനിക്ക് ആ പിരിവ് ഇപ്പോള്‍ വേണ്ട. ഞാന്‍ നന്നായിട്ട് ജോലി ചെയ്യുന്നുണ്ട്. നന്നായിട്ട് പൈസയും കിട്ടുന്നുണ്ട്.
മൂന്ന് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അസുഖം വന്നത്. ഇത് കഴിഞ്ഞാല്‍ ആ പടം ചെയ്ത് തീര്‍ക്കാന്‍ ഉള്ളതാണ്. അപ്പോഴും എനിക്ക് നല്ലൊരു തുക കിട്ടാനുണ്ട്.
സിനിമാക്കാര്‍ ആരേയും ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടില്ല. ദയവുചെയ്ത് എന്നെ തെറ്റിദ്ധരിക്കരുത്.
പിരിവിന് വേണ്ടിയാണ് ചെയ്തതെന്ന് പറയരുത്. സിനിമാക്കാരും കഷ്ടപ്പെടുകയാണ് ഈ അവസരത്തില്‍. അങ്ങനെയാരു അവസ്ഥ വന്നാല്‍ അവര്‍ സഹായിക്കും. ഇതിപ്പോള്‍ പിരിവായി എടുത്തുകൊണ്ട് 100 ആയും 500 ആയും പൈസകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതെനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
എന്റെ ഭര്‍ത്താവിനെ നോക്കേണ്ടത് എന്റേയും എന്റെ മക്കളുടേയും കടമയാണ്. ഗൂഗിള്‍ പേ നമ്പറും അക്കൗണ്ട് നമ്പറും എന്നെ സഹായിച്ചവരുടെ കൈയില്‍ നിന്ന് പുറത്തുപോയതാണ്. ദയവുചെയ്ത് ആരും എനിക്ക് ഇനി പൈസ അയക്കരുത്.
എനിക്ക് ഗൂഗിള്‍ പേ ചെയ്തവര്‍ക്കൊക്കെ ഞാന്‍ തിരിച്ച് അയച്ചിട്ടുണ്ട്. ബാങ്കു വഴി ഇട്ടവരുടെ എല്ലാവരുടേയും പേരും അഡ്രസും എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് ആരൊക്കെയാണ് അയച്ചത് എന്നുവെച്ചാല്‍ അവര്‍ക്ക് എന്റെ നമ്പര്‍ അറിയുകയുണ്ടാകും. അവര്‍ എന്നെ വിളിച്ച് പറയണം. ഞാന്‍ ആ പൈസ നിങ്ങള്‍ക്ക് തിരിച്ചുതരാം.
ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഒരുപോലെയാണ്. കലാകാരന്‍മാര്‍ ഒരുപാട് വിഷമിക്കുന്നുണ്ട്. 500 രൂപ എനിക്ക് തരുന്ന ഒരാളുടെ വരുമാനം എന്താണെന്ന് എനിക്ക് ഊഹിക്കാന്‍ പറ്റും. അതുകൊണ്ട് അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത്. ദൈവത്തെയോര്‍ത്ത് ഇതൊരു സത്യസന്ധമായ വാക്കായി എടുക്കണം.
ഞാന്‍ ആരോടും അഞ്ച് പൈസ പോലും ചോദിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് കിട്ടാനുള്ള പൈസ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. ഇനി ദൈവത്തെയോര്‍ത്ത് ആരും പൈസ അയക്കരുത്. അസുഖം മാറി ഇവിടെ നിന്ന് ഇറങ്ങുന്നതുവരെ മനസമാധാനത്തോടെ ഇരിക്കാന്‍ എനിക്ക് അവസരം തരണം.
കാശിന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എന്റെ കിട്ടാനുള്ള കാശ് പോലും ഞാന്‍ ചോദിച്ചുവാങ്ങാറില്ല. അറിഞ്ഞുതരാറാണ്. എന്നെ അവിശ്വസിക്കരുത്. എനിക്ക് കാശ് തന്നവര്‍ അറിയിച്ചാല്‍ ഉടന്‍ തന്നെ തിരിച്ചയക്കും. എന്നാലെ എനിക്ക് സമാധാനം കിട്ടുകയുള്ളൂ. ദയവുചെയ്ത് എല്ലാവരും സഹകരിക്കണം, പൗളി വീഡിയോയില്‍ പറഞ്ഞു.