ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പിസ്സ ഡെലിവറി ചെയിനായ ഡൊമിനോസ് ഇന്ത്യയുടെ 18 കോടി ഓർഡറുകളുടെ വിശദാംശങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമാണെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. എയർ ഇന്ത്യയുടെ ഡാറ്റ പ്രൊസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ 45 ലക്ഷം പേരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു സൈബർ ആക്രമണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
13 ടിബി സൈസുള്ള ഡൊമിനോസ് ഡാറ്റയിലേക്ക് തനിക്ക് പ്രവേശിക്കാൻ കഴിഞ്ഞതായി ഏപ്രിലില്‍ ഒരു ഹാക്കര്‍ അവകാശപ്പെട്ടിരുന്നു.ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, പേയ്‌മെൻറ് വിശദാംശങ്ങള്‍, പിസ്സ ഓർഡർ ചെയ്ത യൂസർമാരുടെ വിലാസവും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടുന്ന 18 കോടി ഓര്‍ഡറുകളുടെ വിവരങ്ങളാണ് ഡാർക് വെബ്ബിലുള്ളത്.
10 ലക്ഷം ക്രെഡിറ്റ് കാർഡുകളുടെ വിശദാംശങ്ങളാണ് ചോർന്ന ഡാറ്റയിലുള്ളതെന്നും ആരോപിക്കപ്പെടുന്നുണ്ട്. സൈബർ സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജഹാരിയയാണ് സംഭവം ട്വിറ്ററിലൂടെ ആദ്യം പുറത്തുവിട്ടത്. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ നിർമിച്ച് അതിലൂടെ 18 കോടി ഓര്‍ഡറുകളുടെ ഡൊമിനോസ് ഡാറ്റ പരസ്യമാക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.