‘യാസ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറും; ഒഡീഷ, ബംഗാൾ തീരത്ത് കനത്ത ജാഗ്രത; വൈകീട്ടോടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. വൈകീട്ടോടെ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തു കനത്ത ജാഗ്രതാ മുന്നറിയിപ്പ് നൽകി. വൈകുന്നേരത്തോടെ കരതൊടുമെന്നാണ് പ്രവചനം. യാസിനെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും തയാറെടുപ്പിലാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, ആഡ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ അന്തിമഘട്ടത്തിലാണ്.

ഇന്നും നാളെയും മധ്യ – വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡീഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനം നിരോധിച്ചിരിക്കയാണ്. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഉടൻ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ ‘യാസ്’ എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപിൽ (ഒഡീഷ ) നിന്ന് 360 കി.മീ തെക്ക് -തെക്കു കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 460 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 450 കി.മീ തെക്ക് -തെക്കു കിഴക്കായും ഖേപ്പുപറയിൽ നിന്ന് 480 കി.മീ തെക്ക് – തെക്കു പടിഞ്ഞാറുമായിട്ടാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

ഈ ശക്തമായ ചുഴലിക്കാറ്റ് വടക്ക് – വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌ അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർന്ന് വീണ്ടും വടക്ക്- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച്‌ മേയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടർന്ന് മേയ് 26 ന് ഉച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.