തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട പരാതിയിൽ അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി രാജൻ പി.ദേവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അങ്കമാലിയിലെ വീട്ടിൽ നിന്നാണ് ഉണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്.കൊറോണ പരിശോധനകൾക്ക് ശേഷം ഉണ്ണിയെ തിരുവനന്തപുരത്ത് എത്തിക്കും. ഭാര്യാ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് കേസെടുത്തത്.
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മരിക്കുന്നതിനു മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി പി രാജൻ്റെ അറസ്റ്റ് വൈകാൻ കാരണം ഇയാൾ കൊറോണ പോസിറ്റീവായതുകൊണ്ടാണെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
ഉണ്ണിയുടെ ഭാര്യയും കായികാധ്യാപികയുമായ വെമ്പായം സ്വദേശിനി പ്രിയങ്കയെ മെയ് 12 നാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻറെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് പ്രിയങ്ക ജീവനൊടുക്കിയത് എന്ന് കാണിച്ച് പ്രിയങ്കയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു.
ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു.കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി.
ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി.
വിവാഹത്തിനു മുൻപ് പ്രിയങ്ക തൊടുപുഴയിൽ സ്വകാര്യ സ്കൂളിൽ നീന്തൽ അധ്യാപികയായിരുന്നു.