ന്യൂഡെൽഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ തുടർന്ന് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ 5 മുതൽ ആറ് ലക്ഷം കോടിയുടെ വരെ ജിഡിപി നഷ്ടത്തിലേക്ക് നയിക്കുമെന്ന് സൂചന.
ബാർസ്ലേയ്സിൻ്റെ പ്രവചനമനുസരിച്ച് നഷ്ടം 5.4 ലക്ഷം കോടിയായിരിക്കും. എന്നാൽ ആറ് ലക്ഷം കോടിയുടെ നഷ്ടം സമ്പദ്വ്യവസ്ഥയിലുണ്ടാവുമെന്നാണ് എസ്ബിഐ പ്രവചിക്കുന്നത്. ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ആർബിഐ നിശ്ചയിച്ചതിലും താഴെയായിരിക്കുമെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.
സാമ്പത്തിക വർഷത്തിൻ്റെ ഒന്നാംപാദത്തിലാണ് കനത്ത നഷ്ടമുണ്ടാവുക. കൊറോണ വൈറസിനെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ ഒന്നാംപാദത്തിൽ 24 ശതമാനം നഷ്ടമുണ്ടായിരുന്നു. ഏകദേശം 11 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ പാദത്തിലുണ്ടായ നഷ്ടം.
സാമ്പത്തിക വർഷത്തിൻ്റെ മൂന്നാംപാദത്തിൽ കൊറോണ മൂന്നാം തരംഗം ഉണ്ടാവുമെന്നും അത് മൂന്ന് ലക്ഷം കോടിയുടെ നഷ്ടം ജിഡിപിയിലുണ്ടാക്കുമെന്നും സാമ്പത്തികശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഏഴ് മുതൽ എട്ട് ശതമാനം വരെയായിരിക്കും ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാനിരക്കെന്നും വിവിധ ഏജൻസികൾ വ്യക്തമാക്കുന്നു.